സുൽത്താനുൽ ഔലിയ

>




ശൈഖ് അബുൽ ഫുത്തൂഹ് അത്തക്കരീത്തി(റ) പറയുന്നു:ശൈഖ് മുസസ്സുവലി(റ) ഹജ്ജിന്ന് പോകുന്ന വഴിമധ്യേ ബഗ്ദാദിൽ വന്നപ്പോൾ ഞാനും എൻ്റെ പിതാവും അദ്ദേഹത്തിൻ്റെ കൂടെ നിൽക്കുകയായിരുന്നു. അദ്ദേഹം ശൈഖ് ജീലാനി(റ) വിനെ ചെന്ന് കണ്ടപ്പോൾ മറ്റാരോടും കാണിക്കാത്ത മര്യാദയും ബഹുമാനവും കാണിക്കുന്നത് ഞങ്ങൾക്ക് കാണാനിടയായി. പിന്നീട് ഞങ്ങൾ തനിച്ചായ സമയത്ത് എൻ്റെ പിതാവ് അദ്ദേഹത്തോട് ചോദിച്ചു:

ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി(റ)വിനെ ബഹുമാനിക്കുന്നത് പോലെ മറ്റാരേയും നിങ്ങൾ ബഹുമാനിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ലല്ലോ?

ഉടനെ അദ്ദേഹം പറഞ്ഞു: ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി(റ) നമ്മുടെ കാലഘട്ടത്തിലെ ജനങ്ങളിൽ ഏറ്റവും ഉത്തമനും എല്ലാ ഔലിയാക്കളുടേയും സുൽത്താനും ആരിഫീങ്ങളുടെ നേതാവുമാണ്. ആകാശത്തെ മലക്കുകൾ പോലും അദബ് പാലിക്കുന്ന വ്യക്തിത്വത്തിന് മുന്നിൽ ഞാനെങ്ങനെ അദബ് കാണിക്കാതിരിക്കും.?

ജീലാനി ശരീഫ്, മാനവ കുലത്തിനു ആശാ കേന്ദ്രം

>



ജീലാനി ശരീഫ്,  മാനവ കുലത്തിനു ആശാ കേന്ദ്രം : സയ്യിദ്  സഖലൈൻ  ചിസ്തി

ആലുവ : അധാർമ്മികതയും അസാന്മാർഗിക പ്രവർത്തനങ്ങളും അരങ്ങു വാഴുന്ന വർത്തമാന കാല ലോകത്ത്, യഥാർത്ഥ ആത്മീയതയിലൂടെ മാത്രമേ ശാന്തിയും സമാധാനവും കൈവരികയുള്ളൂ എന്നും, ജാതി മത ഭേദമന്യേ  മാനവിക കുലത്തിന്റെ ആശാകേന്ദ്രമായി ഖുതുബുസ്സമാൻ മഹാനവർകളുടെ ആസ്ഥാനമായ ജീലാനി ശരീഫ് എക്കാലവും  നിലനിൽക്കുമെന്നും അജ്മീർ ദർഗാ ശരീഫ് ഖാദിം സയ്യിദ് സഖലൈൻ  ഹസ്സൻ ചിശ്തി പ്രസ്താവിച്ചു.

പ്രമുഖ സൂഫീ പണ്ഡിതനും ആഗോള ഇസ്ലാമിക ആധ്യാത്മിക ഗുരു വര്യനുമായ ശൈഖ് മുഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ വാർഷിക അനുസ്മരണ സമ്മേളനം ആലുവ ജീലാനി ശരീഫിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിശുദ്ധി യും ആത്മവിശുദ്ധിയും നഷ്ടപ്പെടുന്ന ലോകത്ത് ജീലാനി സന്ദേശങ്ങളുടെ പ്രസക്തി അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും, ഖുതുബുസ്സമാൻ Dr. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി നടത്തിയ ആത്മീയ വിപ്ലവം ആഗോള തലത്തിൽ തന്നെ ജീലാനി സന്ദേശത്തിന്റെ വ്യാപനത്തിന്കാ രണമായെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജീലാനി ട്രസ്റ്റ്‌ ചെയർമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി  ചിശ്ത്തി കൊടി ഉയർത്തി.

          സമ്മേളനത്തോടനുബന്ധിച്ചു മൗലിദ്  സദസ്സ്,  സമൂഹ സിയാറത്,  കൊടിയേറ്റൽ, സ്വലാത്ത് മജ്‌ലിസ്  തുടങ്ങി  ചടങ്ങുകൾ  നടന്നു.  കേരത്തിനകത്തും  പുറത്തു  നിന്നുമുള്ള  ആയിരക്കണക്കിന്  വിശ്വാസികൾ  പങ്കെടുത്തു.  സയ്യിദ്  ഹുസൈൻ  കോയ  തങ്ങൾ  തിരുവനന്തപുരം,  സയ്യിദ്  പൂക്കോയ  തങ്ങൾ  കോഴിക്കോട്,  CP ഹുസൈൻ  അൽ കാസിമി കൊടുവള്ളി, ഉസ്താദ് അബ്ദുറഹീം  അഹ്സനി  കൊട്ടപ്പുറം,  മുഹമ്മദ്‌ ഇസ്മായിൽ  മുസ്‌ലിയാർ  കിടങ്ങഴി, പ്രൊഫ. കൊടുവള്ളി  അബ്ദുൽ ഖാദിർ  സാഹിബ്‌,  അബ്ദുൽ  ജബ്ബാർ  ജീലാനി  തുടങ്ങിയവർ  ചടങ്ങുകൾക്ക്  നേതൃത്വം  നൽകി.












ജീലാനി കൊടിയേറ്റവും സ്വലാത്ത് മജ്‌ലിസും

>

ജീലാനി കൊടിയേറ്റവും സ്വലാത്ത് മജ്‌ലിസും ആലുവ ജീലാനി ശരീഫിൽ.

 ആലുവ:റബീഉൽ ആഖിർ പിറക്കുന്നതോടെ ലോകത്തെ കോടാനുകോടി വിശ്വാസികളുടെ ഹൃത്തടത്തിൽ ഒരായിരം വാടാമലരുകൾ വിരിയിച്ച് കൊണ്ട്, ഖുത്ബുൽ അഖ്ത്വാബ് ശൈഖ് മുഹ്‌യിദ്ധീൻ അബ്‌ദുൽ ഖാദിർ ജീലാനി ( റ ) വിന്റെ അപദാനങ്ങൾ വർണ്ണിക്കപ്പെടുന്നു. ഔലിയാക്കളിൽ ഉന്നതർക്കും താഴ്ന്നവർക്കുമറിയാം അവിടുത്തെ കറാമത്തുകൾ. കാല ദേശ ഭാഷ ഭേദമന്യേ എല്ലാവരും അവിടുത്തെ ആദരിക്കുന്നു സ്നേഹിക്കുന്നു. 

ഇന്ത്യയിലെ പ്രമുഖ സൂഫി കേന്ദ്രവും, ഖുത്ബുസ്സമാൻ Dr. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകളുടെ ആസ്ഥാനമായ ജീലാനി ശരീഫിൽ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടികൾക്ക് ഹാജി ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി മഹാനവർകൾ നേതൃത്വം നൽകും.
ഇന്ന് 08.12.2019 റബീഉൽ ആഖിർ 11ഞായർ
സമയം: 3 PM - 9 PM
നേതൃത്വം :നാഇബ് സുൽത്താൻ ഹാജി ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി
മുഖ്യാതിഥി : ബഹു: സയ്യിദ് സഖലൈൻഹസൻ ചിശ്തി അജ്‌മീർ ശരീഫ് ഇന്ന് ഉച്ചക്ക് 3 മണിക്ക് തുടങ്ങുന്ന പരിപാടികളിൽ ഖലീഫമാരും, പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും

Quthub Zaman Shiekh Yoosuf Sulthan Shah Qadiri Chishthy in Baghdad

>

Quthub Zaman Shiekh Yoosuf Sulthan Shah Qadiri Chishthy in Maqbara of Salman Farisi (R)

>

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>
ശൈഖ് മുഹിയുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്റെ മസാര്‍ സന്ദര്‍ശിച്ചപ്പോള്‍ 

അറിയുക നിശ്ചയം അല്ലാഹുവിന്റെ വിഭാഗമാണ് അതിജയിക്കുക

>
അസ്സലാമു അലൈക്കും,

അല്‍ഹംദുലില്ലാഹ്

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കളുടെ മുരീദുമാരുടെ ഫേസ്ബൂക്കിലൂടെയുള്ള ദഅ്വത്ത് ഫലം ചെയ്തുകൊണ്ടിരിക്കുന്നു. സമൂഹത്തിന് സത്യം മനസ്സിലാക്കുവാനും, ഈ വഴിയെകുറിച്ച് പഠിക്കുവാനും, ഈ സത്യമാര്‍ഗ്ഗത്തിലേക്ക്  ജനങ്ങള്‍ക്ക് വരുവാനും സാധിച്ചിരിക്കുന്നു !!!

ഞങ്ങള്‍ ഈ 
ദഅ്വത്ത് കൊണ്ട് ഉദ്ദേശിച്ചത് മഹാനവര്‍കളെ സമൂഹത്തിന് അറിയിച്ച് കൊടുക്കുക എന്നതാണ് . അല്ലാതെ സംഘടനകളിലേക്ക് ആളുകളെ ചേര്‍ക്കുന്നത് പോലെയുള്ള ഒരു പ്രവര്‍ത്തനമല്ല ചെയ്യുന്നത് . സമൂഹത്തിന് ഈമാനിലായി മരിക്കാനുള്ള വഴി അറിയിച്ചു കൊടുക്കുകയാണ്  ലക്ഷ്യം.

 "സയ്യിദുല്‍ ഔലിയ ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (സി)" പറയുന്നു
ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ്തിരുമേനി ( )യിലേക്ക്എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ ിന്നുംസ്വീകരിചിട്ടില്ലങ്കില്‍ , തൌഹീദ് ഏറ്റവും ആവശ്യമുള്ള രണ സമയത്ത്ഓര് വരിക എന്നത് ളരെ പ്രയാസമുള്ള കാര്യമാണ്.
സംഘടനകളിലൂടെ അല്ലാഹുവിലേക്ക് എത്താന്‍ കഴിയുകയില്ലാ എന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് സംഘടനകള്‍ വിട്ട് ഈ മഹത്തായ വഴിയിലേക്ക് ജനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് . 
ഈമാനിലായി മരിക്കാന്‍ ഒരു മനുഷ്യന്‌ ത്വരീഖത്തും ശൈഖും ആവശ്യമാണ്‌ എന്ന കാര്യം സംഘടനകള്‍ മറച്ചുവെച്ചപ്പോള്‍ ഖുതുബ്സമാന് ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ ഒരു മനുഷ്യന്‌ ത്വരീഖത്തും ശൈഖും നിര്‍ബന്ധമാണെന്ന് സമൂഹത്തിന്‌ ബോദ്യപ്പെടുത്തികൊടുത്തു.
ഇന്‌ഷാഹ് അല്ലാഹ് , ഇനിയും ജനങ്ങള്‍ക്ക്  സത്യം സത്യമായി മനസിലാക്കുവാന്‍ അല്ലാഹു 
തൌഫീക്ക് നല്‍കട്ടെ, ആമീന്‍

മഹാനായ ഉമര്‍ ( റ ) പറയുന്നു

>

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യം

>
അസ്സലാമു അലൈക്കും,

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യമാണ് .
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും പൂര്‍ത്തീകരണമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . രണ്ടിന്റെയും പ്രഭവകേന്ദ്രം ഒന്നുതന്നെയാണ് .

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം തൗഹീദാണ് . നിസ്കാരവും ഇതര കര്‍മ്മങ്ങളും നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പ് തൗഹീദ് സ്ഥാപിക്കുക എന്ന പ്രധാന കര്‍ത്തവ്യമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . മനുഷ്യന്റെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യമാകാന്‍ തൗഹീദ് അനിവാര്യമാണ് .

പള്ളികളും മദ്രസകളും യൂനിവേഴ് സിറ്റികളും മതപണ്ഡിതന്മാരും ധാരാളമുള്ള സമൂഹത്തിലാണ് ശൈഖ് മുഹിയുദ്ധീന്‍ ( റ ) ദീനിന് ജീവന്‍ നല്‍കിയത് . അന്ന് ബാഗ്‌ ദാദില്‍ ദീന്‍ മരിച്ചു കിടക്കുകയായിരുന്നു. തൗഹീദ് ജനഹൃദയങ്ങളില്‍ സ്ഥാപിച്ചാണ് മഹാനവര്‍കള്‍ ദീനിന്‌ ജീവന്‍ നല്‍കിയത് .

ശൈഖ് മുഹിയുദ്ധീന്‍ ( റ ) ബാഗ്‌ ദാദില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് മുസ്‌ലിം ലോകത്ത് നാം നിര്‍വഹിക്കേണ്ടത്.

മതസ്ഥാപനങ്ങളുടെ അഭാവമോ മതപണ്ഡിതരുടെ ശൂന്യതയോ ഇന്നില്ല. മറിച്ച് ഈമാനും തഖ്‌വയുമുള്ള ഹൃദയങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.

പണ്ഡിതന്മാരും മതസ്ഥാപനങ്ങളും വേണ്ട എന്നല്ല പറയുന്നത് . ഇസ്‌ലാമിന്റെ നിലനില്‍പിന്ന് അവ അനിവാര്യമാണ് . ഉഖ്‌റവിയായ പണ്ഡിതരെ ആദരിക്കലും അനുസരിക്കലും ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് . വ്യാജപണ്ഡിതരും വ്യാജ ശൈഖുമാരും ഈ ഉമ്മത്തിനെ നാശത്തിലേക്ക് നയിക്കുമെന്ന് നബി( സ ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ ശൈഖുമാരെ അവഗണിക്കുക. യഥാര്‍ത്ഥ ശൈഖുമാരെയും പണ്ഡിതരെയും അനുസരിക്കുക. 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>

ഉസ്‌മാന്‍ ( റ )വിനെ ക്കുറിച്ച് പത്ത് കാര്യങ്ങള്‍

>
അസ്സലാമു അലൈക്കും,
ശത്രു കരങ്ങളാല്‍ വധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നതിന്നു മുമ്പ് മഹാനവര്‍കള്‍ അബൂ സൗര്‍ ( റ ) വിനോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ എന്റെ റബ്ബില്‍ വളരേയധികം പ്രതീക്ഷകള്‍ വെക്കുന്നു. കാരണം പത്ത് കാര്യങ്ങള്‍ എനിക്ക് അവനു മുന്നില്‍ സമര്‍പ്പിക്കാനുണ്ട് .

(1) നാലാമതായി ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണ് ഞാന്‍ .
(2) പരിശുദ്ധ നബി( സ ) തങ്ങള്‍ അവിടുത്തെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നു.
(3) അവര്‍ വഫാത്തായപ്പോള്‍ രണ്ടാമത്തെ മകളെയും എനിക്ക് വിവാഹം ചെയ്തു തന്നു.
(4) ഞാന്‍ ഒരിക്കലും പാട്ട് പാടിയിട്ടില്ല.
(5) ദുഷ് പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല.
(6) എന്റെ വലതുകരംകൊണ്ട് പുണ്യ പ്രവാചകന്റെ തൃക്കയ്യില്‍ പിടിച്ച് ബൈഅത്ത് ചെയ്തതിനു ശേഷം ഞാനൊരിക്കലും ഗുഹ്യസ്ഥാനം സ്പര്‍ശിച്ചിട്ടില്ല.
(7) മുസ്‌ലിമായത് മുതല്‍ ഓരോ വെള്ളിയാഴ്ചയും ഓരോ അടിമകളെ ഞാന്‍ മോചിപ്പിക്കുമായിരുന്നു.
(8) ജാഹിലിയ്യാ കാലത്തോ മുസ്‌ലിമായതിനുശേഷമോ ഞാനൊരിക്കലും വ്യഭിചാരം ചെയ്‌തിട്ടില്ല.
(9) ജാഹിലിയ്യാ കാലത്തോ മുസ്‌ലിമായതിനുശേഷമോ ഞാനൊരിക്കലും മോഷണം നടത്തിയിട്ടില്ല.
(10) നബി( സ ) തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിരുന്നു.

നോക്കൂ....സഹോദരങ്ങളേ,
ജീവിതകാലത്ത് ഒരു പാപം ചെയ്യാന്‍ മനസ്സില്‍പോലും ആഗ്രഹിച്ചിട്ടില്ലെന്ന് സത്യസന്ധമായി പറയാന്‍ നമുക്കാര്‍ക്കെങ്കിലും കഴിയുമോ ? അവിടെയാണ്  ഉസ്‌മാന്‍ ( റ ) വിന്റെ മഹത്വം.
ആ പാത പിന്തുടരാനും അവരെ സ്നേഹിക്കാനും അവര്‍ക്കൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂടാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ,
ആമീന്‍ 

പ്രതിനിധികളെ അംഗീകരിക്കാത്തവര്‍ പരാജയപ്പെടും

>
അസ്സലാമു അലൈക്കും,

മനുഷ്യനെ സൃഷ്‌ടിച്ച അല്ലാഹു മനുഷ്യന്റെ ലക്ഷ്യവും മാര്‍ഗ്ഗവും നിശ്ചയിച്ചു. വിശ്വസിക്കേണ്ടതും അനുഷ്ടിക്കേണ്ടതും അകറ്റി നിര്‍ത്തേണ്ടതും പഠിപ്പിച്ചു. അല്ലാഹു നിശ്ചയിച്ച മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവരാണ് വിജയികള്‍ . അല്ലാത്തവര്‍ പരാജിതരാണ് .

ലക്ഷ്യം നേടാന്‍ അല്ലാഹു തന്നെ നിശ്ചയിച്ച മാര്‍ഗ്ഗം സ്വീകരിക്കുകയാണ് വേണ്ടത് . അല്ലാതെ തന്റെ ബുദ്ധിയിലും യുക്തിയിലും ഉദിക്കുന്ന ആശയങ്ങള്‍ , തന്നെ ലക്ഷ്യത്തിലേക്കെത്തിക്കുമെന്ന് കരുതി അതിനനുസരിച്ച് നീങ്ങുന്നത് അപകടമാണ് . അവര്‍ക്ക് ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുകയില്ല .
അല്ലാഹുവിനെ അറിഞ്ഞ് ആരാധിച്ച് അവന്റെ സാമിപ്യവും തൃപ്തിയും നേടുകയാണ്‌ മനുഷ്യന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കനാണ് അല്ലാഹു ആദം നബി( അ ) മുതലുള്ള അവന്റെ പ്രതിനിധികളെ അയച്ചത് . അന്ത്യനാള്‍ വരെ ഈ പ്രതിനിധികള്‍ അഥവാ ഖലീഫമാര്‍ നിലനില്‍ക്കും. സൃഷ്ടികളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വസീലകളാണ് ( മധ്യവര്‍ത്തികള്‍ ) ഈ ഖലീഫമാര്‍ . ഈ മധ്യവര്‍ത്തികളെ സ്വീകരിക്കാതെ അല്ലാഹുവിലേക്കെത്തുകയില്ല.
അല്ലാഹുവിന്റെ ഖലീഫമാരെ അവഗണിച്ചവര്‍ പരാജയപ്പെട്ടുവെന്നതിന് ലോക ചരിത്രം സാക്ഷിയാണ്.

ബോധ്യപ്പെട്ട സത്യങ്ങളേയും ദ്രിഷ്ടാന്തങ്ങളേയും അവഗണിച്ച് അല്ലാഹുവില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് മനുഷ്യന്‍ . അല്ലാഹുവിന്റെ ഖലീഫമാര്‍ താനോ താന്‍ ഉദ്ദേശിക്കുന്നവരോ ആയേ പറ്റൂ എന്നും, അല്ലാത്ത പക്ഷം താന്‍ അംഗീകരിക്കുകയില്ലെന്നും ശാഠൃം പിടിച്ച് മാറി നില്‍ക്കുന്നവരും മറ്റുള്ളവരെ മാറ്റി നിര്‍ത്തുന്നവരും തികഞ്ഞ പരാജയത്തിലേക്കാണ് നീങ്ങുന്നത് . അത്തരക്കാര്‍ക്ക് ഭൗതിക സൗകര്യങ്ങളും സ്വാധീനങ്ങളും ഉണ്ടായേക്കാം കണ്ണും കാതും ഹൃദയവും അവര്‍ക്കുണ്ട്. പക്ഷേ, അഹങ്കാരവും ദുര്‍വ്വാശിയും അവരെ സത്യത്തില്‍ നിന്ന് അകറ്റി. അവസാനം മരണം ആഗതമാവുകയും ആത്യന്തിക പരാജയം ഉറപ്പാകുകയും ചെയ്യുന്ന അവസ്ഥയില്‍ അവരെ രക്ഷിക്കാന്‍ അവരുടെ സൗകര്യങ്ങള്‍ക്കോ സ്വാധീനങ്ങള്‍ക്കോ കഴിയില്ല.

കഠിനമായ നരക ശിക്ഷയാണ് ഇത്തരക്കാര്‍ക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ മൃഗത്തേക്കാള്‍ അധ:പതിച്ചവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു " ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും നാം ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട് . അവര്‍ക്ക് ഹൃദയങ്ങളുണ്ട് . അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട് . അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട് . അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ നാല്‍ക്കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍ . അവര്‍ തന്നെയാണ് അശ്രദ്ധര്‍ " ഈ വിഭാഗത്തില്‍ പെടുന്നത് എല്ലാവരും സൂക്ഷിക്കുക. 

" സംഘടനകളിലൂടെ അല്ലാഹുവിലേക്ക് എത്താന്‍ കഴിയില്ല "

>
അസ്സലാമു അലൈക്കും,

എല്ലാവരും ആഗ്രഹിക്കുന്നു ഈമാനോടുകൂടി മരിക്കണം എന്ന് . എന്നാല്‍ അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ ???

എന്റെ ഉസ്താദിന് ലക്ഷകണക്കിന് ശിഷ്യന്മാരാ എന്ന് പറയുന്നവര്‍ ചിന്തിക്കുക  -അതുകൊണ്ട് നിനക്ക് ഈമനിലായി മരിക്കാന്‍ പറ്റുമോ ?
നിന്റെ സംഘടന സമ്പന്നമായിരിക്കാം, നിന്റെ സംഘടന ശക്തമായിരിക്കാം എന്ന് പറയുന്നവര്‍ ചിന്തിക്കുക - അതുകൊണ്ട് നിനക്ക് ഈമനിലായി മരിക്കാന്‍ പറ്റുമോ ?

എന്റെ സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങളെ ഈമനിലായി മരിപ്പിക്കാം എന്ന്‍ ആര്‍ജ്ജവത്തത്തോട് കൂടെ തന്റെടത്തോട് കൂടെ വിളിച്ചു പറയുന്ന ഏതെങ്കിലും നേതാക്കള്‍ നിങ്ങള്‍ക്കുണ്ടോ ?

ആരാ നിന്റെ നേതാവ് എന്ന് ആലോചിക്കുക ,
നിന്റെ നേതാവില്‍ നിന്ന്‍ അല്ലാഹുവിലേക്ക് നിനക്ക് എത്താന്‍ യോഗ്യമായ എന്ത് പ്രവര്‍ത്തനമാണ് നിനക്ക് ലഭ്യമായിട്ടുള്ളത് ?
സദാസമയത്തും അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത നിനക്ക് ഉണ്ടാക്കിയോ ?

നിങ്ങള്‍ ഇന്ന്‍ രാത്രി അന്ത്യശ്വാസം വലിക്കുകയാണെങ്കില്‍ " ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് "എന്ന് ചൊല്ലി മരിക്കാനുള്ള ഒരു അവസ്ഥയിലേക്ക് നിങ്ങളുടെ നേതാക്കള്‍ നിങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു എന്ന്‍ നിങ്ങള്‍ക്ക് ആശ്വസിക്കാന്‍ കഴിയുമോ ?
ആലോചിച്ചോ !!!
സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ചിന്തിക്കുക. ഈമാനികമായ മാറ്റം നല്‍കാന്‍ കഴിയാത്ത നേതാക്കളെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ ?

ഹൃദയത്തെ എങ്ങനെ ശുദ്ധിയാക്കണമെന്ന് പഠിക്കാന്‍ മുറബ്ബിയായ ഒരു ശൈഖിന്റെ അടുത്തുതന്നെ പോകണം !!

ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന  തൗഹീദിന്റെ സന്ദേശവുമായിട്ടാണ്  ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി മഹാനവര്‍കള്‍ നമ്മെ സമീപിക്കുന്നത് . നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു .നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം. അവസാനം ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്  എന്ന ൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ കഴിയും.  എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ."
ആമീന്‍ 

" മുഹമ്മദുര്‍റസൂലുല്ലാഹിയെ എതിര്‍ക്കുന്നവര്‍ "

>
അസ്സലാമു അലൈക്കും,

ലോകത്ത് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചൈതന്യം തകര്‍ക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നവരാണ് ജൂതന്‍മാര്‍ . ഇസ്‌ലാമിന്റെ ആത്മാവിന്‌ മുറിവേല്‍പ്പിക്കുന്നതിലൂടെ അതിന്  സാധിക്കുമെന്നവര്‍ മനസ്സിലാക്കി. മുഹമ്മദുര്‍റസൂലുല്ലാഹ്  മാറ്റിനിര്‍ത്തുന്നതിലൂടെ ഇസ്‌ലാം ശവസമാനമായ കേവലം ഒരു ജനക്കൂട്ടമായി നിപതിക്കുമെന്നവര്‍ ഉറപ്പിച്ചു.

മുഹമ്മദുര്‍റസൂലുല്ലാഹ്  ഇല്ലായ്മ ചെയ്യാന്‍ ആദ്ധാത്മിക മേഖലയാണ് തകര്‍ക്കേണ്ടതെന്നവര്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് സമ്മതം ലഭിച്ച മശാഇഖുമാരിലൂടെ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാം ഇല്ലാതെയാക്കാന്‍ എല്ലാ അടവുകളും ഉപയോഗിച്ചു.

പണ്ഡിത സഭകള്‍ എന്ന പേരില്‍ കമ്മിറ്റികള്‍ തട്ടിപ്പടച്ചുണ്ടാക്കി അത്തരം സഭകള്‍ക്ക് ആധികാരികതയുണ്ടെന്ന് സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഖുര്‍ആന്‍ , സുന്നത്ത് , ഇജ്മാഅ് , ഖിയാസ്  എന്ന പോലെ സഭാകമ്മിറ്റികളെ അഞ്ചാം പ്രമാണമായി അവതരിപ്പിച്ചു.

ഈ മാറിമാറി വരുന്ന കമ്മിറ്റികള്‍ പുറത്ത് വിടുന്ന മാലിന്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ മനുഷ്യര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കു മുന്നില്‍ വിഘാതമായി സഭാകമ്മിറ്റികള്‍ നിലയുറപ്പിച്ചു.
മദ്രസകളുടേയും മസ്ജിദുകളുടേയും എണ്ണപ്പെരുപ്പം കാണിച്ച് ഈമാന്‍ നഷ്ടപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭകള്‍ പരിശുദ്ധ ദീനിന്റെ ആത്മാവ് നശിപ്പിക്കാനിറങ്ങിയ ജൂതകുതന്ത്രത്തിനാണ് പിന്തുണ നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞ് മാറിച്ചിന്തിക്കുന്നത് നല്ലതാണ് .
കുറേ കെട്ടിടങ്ങളും ഈമാന്‍ കെട്ടടങ്ങിയ കുറേ മനുഷ്യരും ചേര്‍ന്ന്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന പ്രകടനം ആത്യന്തിക വിജയത്തിലെത്തിക്കുകയില്ല. പ്രാസ്ഥാനികമായ അഹങ്കാരമേ നല്‍കുകയുള്ളൂ.
ജനലക്ഷങ്ങള്‍ ഒത്തുകൂടിയ സമ്മേളനങ്ങള്‍ കണ്ട് ഇവരൊക്കെ തങ്ങളുടെ അനുയായികളാണെന്ന് പറയുന്നവര്‍
" കീഴിലുള്ളവരെ സംബന്ധിച്ച് തങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന്‍ " തിരുവചനം വിസ്മരിക്കാതിരിക്കുന്നത് നല്ലതാണെന്ന് ഞാനവരെ ഓര്‍മ്മപ്പെടുത്തുകയാണ് .
ബഹുമാനപ്പെട്ട റസൂല്‍ ( സ ) തങ്ങളും ഗൗസുല്‍ അഅ്ളം( റ ) വും മറ്റു മശാഇഖുമാരും എന്നെ ഏല്‍പ്പിച്ച ദൗത്യം എന്ന നിലയിലാണ് നിരന്തരമായി നിങ്ങളെ വിജയിക്കുവാനുള്ള മാര്‍ഗ്ഗം ഞാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .
പണവും ജനപിന്തുണയും സ്ഥാനമാനങ്ങളും ഇല്ലാതെയാകുമെന്ന് കരുതി ശാശ്വതമായ നേട്ടം നഷ്ടപ്പെടുത്തരുതെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് . ഖാദിരിയ്യാ ത്വരീഖത്ത് ശരിയല്ലെന്ന്‍ പറയാന്‍ നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞിരുന്ന് പരിശോധിച്ചാല്‍ നിങ്ങളുടെ അബദ്ധം നിങ്ങള്‍ക്കു തന്നെ ബോധ്യമാകും.
നബി( സ ) തങ്ങള്‍ വരെയുള്ള മഹത്തായ സില്‍സിലയിലെ പരിശുദ്ധാത്മാക്കള്‍ക്കെതിരെയാണ് നിങ്ങള്‍ തീരുമാനമെടുത്തിരിക്കുന്നത് . തെറ്റു തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നാശകരമായ ആ തീരുമാനത്തിന്റെ തിക്താനുഭവം മരണ വേളയിലെങ്കിലും തിരിച്ചറിയേണ്ടി വരുമെന്ന് നിങ്ങള്‍ ഉറപ്പിക്കുക. 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>

"ഭീരുത്വം നിന്ദ്യമാണ് "

>
അസ്സലാമു അലൈക്കും,

ഭീരുത്വം മനുഷ്യന്റെ ന്യുനതയാണ് .
നിന്ദ്യനും നിസാരനുമാകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ ?
ജനങ്ങള്‍ നിന്നെ ഭീരുവെന്നും പേടിത്തൊണ്ടനെന്നും വിളിക്കാന്‍ നീ ഇഷ്ട്ടപ്പെടുന്നുണ്ടോ? തീര്‍ച്ചയായും താങ്കള്‍ അത് വെറുക്കുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട് .
ധീരത പ്രകടിപ്പിക്കേണ്ട അവസരങ്ങളില്‍ നിന്റെ പാദം പതറലാണ് ഭീരുത്വം. നിന്റെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കുവേണ്ടി മുന്നിട്ട് വരേണ്ട സമയം നീ പിന്മാറലാണ് ഭീരുത്വം.

സത്യത്തില്‍ നിന്ന് പിന്മാറലും സത്യം വിളിച്ചുപറയാന്‍ ശേഷിയുണ്ടായിട്ടും അത് ഹൃദയത്തില്‍ ഒളിപ്പിച്ചുവെക്കലും ഭീരുത്വമാണ് . നീ അങ്ങനെ ചെയ്യുക വഴി ആളുകളില്‍ നിന്ന് സത്യമാര്‍ഗത്തെ മറച്ചു വെച്ചു. അതിലുപരി എന്നെന്നും സജീവമായി നിലകൊള്ളേണ്ട സത്യത്തെ നീ നശിപ്പിച്ചു . നീ കാരണമായി നന്മ ഭത്സിക്കപ്പെട്ടു. നീ കാരണമായി അക്രമിക്ക് പ്രവര്‍ത്തിക്കാനും അഹങ്കരിക്കാനുമുള്ള അവസരമുണ്ടായി.

ഭീരുത്വം നിന്റെ ബാധ്യതകളില്‍ നിന്ന് ഒളിച്ചോടലാണ് . നീ അങ്ങനെ ചെയ്‌താല്‍ ഇവിടെ അരാജകത്വവും അവഗണനാ മനോഭാവവും മടിയും വ്യാപിക്കും. ശ്രദ്ധിക്കൂ, ധീരന്മാരെല്ലാം ദൈവ മാര്‍ഗത്തില്‍ സത്യത്തിനു വേണ്ടി മരണം വരിച്ചിരിക്കുന്നു.

സഹോദരാ, പ്രവര്‍ത്തികേണ്ട അവസരങ്ങളില്‍ കൈകെട്ടി വിശ്രമിക്കുന്നവന്‍ ഭീരുവാണ് . ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പഴുത് അന്വേഷിക്കുന്നവനും ഭീരുവാണ് .

സഹോദരാ, നീ സത്യം വിളിച്ചു പറയുക. സത്യമാര്‍ഗത്തില്‍ ഒരാക്ഷേപവും ഭയക്കരുത് . നീ സത്യം വെളിപ്പെടുത്തിയതു മൂലം നിന്റെ ആയുസ്സ് കുറയില്ല. നിന്റെ ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യില്ല. അല്ലാഹു നിശ്ചയിക്കാതെ നിനക്ക് ഒരാപത്തും സംഭവിക്കില്ല. നീ താഴെ ഉദ്ധരിക്കുന്ന ഖുര്‍ആനിക വചനം വായിക്കുക. അവ നിനക്ക് ധൈര്യവും സ്ഥൈര്യവും നല്‍കും...

" ഭൂമിയിലുള്ള ഒരൊറ്റ ജീവിക്കെങ്കിലും ആഹാരം നല്‍കാനുള്ള ബാധ്യത അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല. അവയുടെ വാസസ്ഥലവും സൂക്ഷിപ്പുസ്ഥലവും എല്ലാം അവന്‍  അറിയുന്നുണ്ട് . എല്ലാം വ്യക്തമായൊരു ഗ്രന്ഥത്തിലുണ്ട് ."( ഹൂദ്‌ )

സന്ദര്‍ഭവും സാഹചര്യവും എന്തു തന്നെ ആയാലും നീ സത്യം തുറന്നു പറയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭങ്ങളില്‍ നീ മടിച്ചു നില്‍ക്കില്ലെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

നീ ധീരത എന്ന സ്വഭാവം കൊണ്ട് അലംകൃതനാവുകയും സമൂഹത്തില്‍ ധീരന്‍ എന്നറിയപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അറിയുക ! ധീരന്മാര്‍ എല്ലാ കാലഘട്ടങ്ങളിലും ശാശ്വതരാണ് . അവര്‍ മനുഷ്യ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്നവരാണ് .
നീ ശാശ്വത പ്രതിഷ്ഠ നേടുന്നവരിലാകാന്‍ ഇഷ്ടപ്പെടുന്നില്ലേ...?

അശക്തി ഏറ്റവും വലിയ ആപത്താണ് . അത് ഉയരാനും മുന്നേറാനുമുളള എല്ലാ പ്രേരകങ്ങളെയും നശിപ്പിച്ച് കളയും. അശക്തി പുരുഷന്മാരുടെ ആര്‍ജ്ജവത്വത്തെ ക്ഷയിപ്പിക്കുകയും അവനെ പിന്നോട്ട് നയിക്കുകയും ചെയ്യും. നീ അശക്തിയെ സൂക്ഷിക്കുക. കഴിയുന്ന രീതിയില്‍ ശക്തി സംഭരിക്കുക. ശാരീരികവും ബുദ്ധിപരവുമായ നിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ട എല്ലാ കലകളും കരസ്ഥമാക്കുക.

നിനക്ക് കഴിയുന്ന ഒരു കാര്യത്തിലും ' എനിക്ക് കഴിയില്ല ' എന്നു പറയരുത് . അദ്ധ്വാനിച്ച്‌ പഠിക്കുക. എല്ലാ നല്ല അവസരങ്ങളും ഉപയോഗപ്പെടുത്തുക. ശക്തനാവുക. കഴിവ് കേട്ടവനാകരുത് . നീ നിന്നെ ആത്മവിശ്വാസത്തോടെ നോക്കികാണുക. നിനക്ക് എല്ലാം കഴിയും.

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ പറയുന്നു " അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം ലഭിച്ചതിനു ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് . എനിക്ക് ഖാദിരിയ്യ ത്വരീഖത്തിന്റെ ഖിലാഫത്ത്‌ കര്‍ണാടകയിലെ വാഡിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുല്‍ മശാഇഖ് സയ്യിദ് മുഹമ്മദ്‌ ബാദ്ശാഹ് ഖാദിരി(റ) തങ്ങളാണ് നല്‍കിയത് . അത്ഭുതങ്ങള്‍ കാണിച്ചിരിക്കുകയല്ല, ജനങ്ങളുടെ മരിച്ച ഹൃദയങ്ങളെ പൂര്‍ണ്ണ തൌഹീദ് നല്‍കി ജീവിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌  നബി(സ)യും അലി(റ)വും  ശൈഖ് മുഹിയുദ്ധീന്‍ അബദുല്‍ ഖാദിറില്‍ ജീലാനി(റ)വും മറ്റു ശൈഖുമാരും എന്നോട് പറഞ്ഞു. ഒഴിഞ്ഞിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കാന്‍ ആഗ്രഹിച്ച എന്നെ അവരാണ് പിടിച്ചിറക്കിയത് . അവരിലൂടെ ഏല്‍പ്പിക്കപ്പെട്ട ദൌത്യത്തില്‍ നിന്ന്  പിന്‍മാറുന്ന പ്രശ്നമേയില്ല. പരിശുദ്ധ തൌഹീദിന്റെ സമ്പൂര്‍ണ്ണതയിലേക്ക് ജനങ്ങളെ കൈപിടിച്ച് പൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ അവരെ പാകപെടുത്തുകയാണ് ഞാന്‍ ചെയുന്നത് . എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.

അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ 

"യോഗ്യരല്ലാത്തവര്‍ ശൈഖ് ചമയുന്നത് "

>
അസ്സലാമു അലൈക്കും,

യോഗ്യനായ ഒരു ശൈഖില്‍ നിന്ന് ദിക്ര്‍ സ്വീകരിച്ച് ഹൃദയം സംസ്‌കരിക്കുമ്പോള്‍ മാത്രമേ പരിപൂര്‍ണ്ണ മുസ്‌ലിമാവുകയുള്ളൂ .
ത്വരീഖത്ത് നല്‍കുന്ന ശൈഖുമാര്‍ക്ക് ചില നിബന്ധനകളുണ്ട് . കിതാബോതിയത് കൊണ്ടോ പ്രഭാഷണങ്ങള്‍ കേട്ടത് കൊണ്ടോ ഒരാള്‍ ശൈഖാവില്ല . അയോഗ്യരായ ആളുകള്‍ ശൈഖ് ചമഞ്ഞ് രംഗത്ത് വരുന്നത് സമൂഹത്തെ നാശത്തിലേക്ക് നയിക്കാനും അവരെ വഞ്ചിക്കാനുമാണ് . ഇത്തരം വ്യാജ ശൈഖുമാരെ സൂക്ഷിക്കണം. കാമിലായ ശൈഖുമാരില്‍ നിന്നോ അവരില്‍ നിന്ന് സമ്മതം ലഭിച്ചവരില്‍ നിന്നോ ദിക്ര്‍ സ്വീകരിക്കാനും അവരിലൂടെ കരാര്‍ പുതുക്കാനുമാണ് നാം ശ്രമിക്കേണ്ടത് .

ഗീബത്ത് ഇസ്‌ലാം വിലക്കിയ കാര്യമാണ് . ഒരാളുടെ ന്യുനത നാം മറച്ചു വെച്ചാല്‍ നമ്മുടെ എഴുപത് ന്യുനതകള്‍ അല്ലാഹു മറച്ചു വെക്കും. ഇന്ന് പ്രസവിച്ച കുട്ടിയോട് മാതാവിനുള്ള സ്നേഹത്തേക്കാള്‍ വലിയ സ്നേഹമാണ് അല്ലാഹുവിന്ന്‍ ആദം സന്തതികളോടുള്ളത് . അല്ലാഹു റഹ്മാനാണ് . ഈ വിശേഷണം അല്ലാഹുവിന്ന്‍ ഉണ്ടായത് കൊണ്ടാണ് അവനെ ധിക്കരിക്കുന്നവര്‍ക്ക് ദുന്യാവില്‍ ജീവിക്കാന്‍ കഴിയുന്നത് .

അവസാനം നന്നാക്കാനാണ് നാം ശ്രമിക്കേണ്ടത് . നൂറ് വര്‍ഷം ഇബാദത്ത് ചെയ്ത് ജീവിച്ചാലും ഈമാനില്ലാതെ മരിച്ചാല്‍ ശാശ്വത നരകമാണ് കാത്തിരിക്കുന്നത് . ഈ ലോകത്തെ ചെറിയ ബുദ്ധിമുട്ട് പോലും സഹിക്കാന്‍ കഴിയാത്തവര്‍ക്ക് നരകം എങ്ങനെ സഹിക്കാനാവും.. അവസാനം നന്നാവണമെങ്കില്‍ നമ്മുടെ ജീവിതം നന്നാവണം. അകവും പുറവും തഖ്‌വ ഉണ്ടാകുമ്പോള്‍ മാത്രമാണ് ജീവിതം നന്നാകുന്നത് .

അല്ലാഹുവിന്റെ ദിക്ക് റാണ്  വലിയതെന്ന് എല്ലാ വെള്ളിയാഴ്ച്ചയും നാം മിമ്പറില്‍ നിന്ന് കേള്‍ക്കുന്നു. വിശ്വാസിയുടെ ഇരുപത്തിനാല് മണിക്കൂറും അല്ലാഹുവിനെ ഓര്‍ക്കാനുള്ളതാണ് . പരലോകത്ത് ഓരോ ശ്വാസത്തിനും കണക്ക് പറയേണ്ടിവരും.

ആത്മാക്കളുടെ ലോകത്തെ രണ്ട് കരാറുകളെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് . ആദ്യത്തെ കരാര്‍ എല്ലാ മനുഷ്യരെയും കൊണ്ട് നടത്തിച്ചതാണ് . അത് ഓര്‍മ്മിപ്പിക്കാനാണ്‌ ഒരുലക്ഷത്തി ഇരുപത്തിനാലായിരം നബിമാര്‍ വന്നത് . രണ്ടാമത്തേത് നബിമാര്‍ നടത്തിയ കരാറാണ് . അവസാനം വരുന്ന നബിയെ വിശ്വസിക്കണമെന്നും അംഗീകരിക്കണമെന്നുമുള്ളതാണ് ആ കരാര്‍ .

നബി( സ ) തങ്ങള്‍ എല്ലാ നബിമാരുടെയും നേതാവാണ്‌ . അവിടുത്തെ കരങ്ങളിലാണ് ലിവാഹുല്‍ ഹംദ് . അല്ലാഹുവും റസൂലും പറഞ്ഞതനുസരിച്ചാണ് ജീവികേണ്ടത് . ഇതിനു വിപരീതമായിട്ടാണ് പല സംഘടനകളും നേതാക്കളും പ്രവര്‍ത്തിക്കുന്നത് . അവര്‍ രണ്ട് ലോകത്തും ഖേദിക്കേണ്ടി വരും. ആദ്യം പരലോക രക്ഷ തേടിപ്പിടിക്കാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കേണ്ടത് .

ഗൗസുല്‍ അഅ്ളം ഒരിക്കല്‍ പറഞ്ഞു: അവസാന കാലത്ത് പണ്ഡിതരുടെ അറിവ് ഹല്‍ക്ക് വിട്ട് താഴോട്ട് ഇറങ്ങുകയില്ല . ഇന്ന് അറിവ് നാവിലേയുള്ളൂ . പ്രവര്‍ത്തനത്തിലില്ല .
ഈമനിലായി മരിക്കാന്‍ ശൈഖ് വേണം. ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്വാനാണ് . ശൈത്വാന്‍ ശൈഖായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്ന്‍ ആലോചിക്കുന്നത് നല്ലതാണ് .  

"മുഹമ്മദീയ പ്രകാശം "

>
അസ്സലാമു അലൈക്കും,

മുഹമ്മദീയ യാഥാര്‍ത്യത്തെ പ്രപഞ്ചനാഥന്‍ പരിചയപ്പെടുത്തണം. അവനാണ് ആ പ്രകാശത്തിന്റെ ഉടമ അവനില്‍ നിന്നാണ് ആ പ്രകാശം അഥവാ മുഹമ്മദീയ യാഥാര്‍ത്ഥ്യം. ആത്മീയതയുടെ പാരമ്യത തുടക്കത്തിലേക്കുള്ള മടക്കമാകുന്നത് അപ്പോഴാണ്‌ .

സൂറത്ത് നൂറിലെ ആയത്ത്  35 ല്‍   പറഞ്ഞു തരുന്നതിങ്ങനെയാണ് .
ആകാശ ഭൂമികളെ പ്രകാശിപ്പിക്കുന്നവനാണ് അല്ലാഹു . അഥവാ ആ പ്രകാശത്തിന്റെ ഉടമയാണ് അല്ലാഹു . അവനാണ് മുഹമ്മദീയ പ്രകാശത്തിലൂടെ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നത് . മുഹമ്മദീയ പ്രകാശം ഉപമ അകത്ത് ഒരു ദീപം സ്ഥിതി ചെയ്യുന്ന വിളക്കുമാടത്തെ പോലെയാണ് . ദീപം ഒരു സ്ഫടികത്തിനുള്ളിലാണ് . ആ സ്ഫടികം തന്നെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ പോലെയാണ് . അനുഗ്രഹീതമായ ഒരു ഒലീവു വൃക്ഷത്തില്‍ നിന്നും ആ ദീപം കത്തിക്കപ്പെടുന്നു. ഒലീവ് കിഴക്കുള്ളതോ പടിഞ്ഞാറുള്ളതോ അല്ല. എണ്ണ തീസ്പര്‍ശമേറ്റില്ലെങ്കിലും തേജോമയമാണ് . വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു ഉദ്ദേശിക്കുന്നവരെ ആ വെളിച്ചത്തിലേക്കവന്‍ ചേര്‍ക്കുന്നു.

സ്ഫടിക സമാനമായ മിന്നിത്തിളങ്ങുന്ന ' സ്ഫടികം ' തിരുദൂതര്‍ ( സ ) യുടെ ബാഹ്യ ശരീരവും. വെളിച്ചം പകര്‍ന്നേകുന്ന ' ദീപം '  മുഹമ്മദീയ യാഥാര്‍ത്ഥ്യം അഥവാ തിരുമേനി( സ ) യിലെ ആത്മാവാകുന്ന പ്രകാശവുമാണ് . വിളക്കുമാടമാകുന്ന ആദ്യപിതാവു മുതല്‍ തിരുദൂതര്‍ വരെയുള്ള പരിശുദ്ധരായ അവിടുത്തെ പിതാക്കളുടെ മുതുകുകളുമാണ് . കിഴക്കിന്റെ കുഴപ്പമോ പടിഞ്ഞാറിന്റെ പതര്‍ച്ചയോ ഏറ്റിട്ടില്ലാത്ത ഒലീവു വൃക്ഷത്തില്‍ നിന്നെടുത്ത തീസ്പര്‍ശമേറ്റില്ലെങ്കിലും തേജോമയമായ എണ്ണയാണ് പ്രസ്‌തുത ദീപത്തിലൊഴിച്ച് കൊടുക്കുന്നത് .

പ്രകാശത്തിനുമേല്‍ പ്രകാശം. വെളിച്ചത്തിനുമേല്‍ വെളിച്ചം. അതാണു മുഹമ്മദീയ യാഥാര്‍ത്ഥ്യമാകുന്ന പ്രകാശം. ആ പ്രകാശത്തിലേക്കാണ്  വഴികാണിക്കേണ്ടത് . ആ പ്രകാശത്തിലേക്കാണ് ചെന്നണയേണ്ടത് . ആ പ്രകാശത്തിലേക്കാണ്  മനം തുറക്കേണ്ടത് . ആ പ്രകാശത്തില്‍ നിന്നാണ് ഹൃദയങ്ങള്‍ക്ക്‌ വെളിച്ചമുണ്ടാകേണ്ടത് . ആ ദീപമാണ് തിരിച്ചറിയേണ്ടത് . ആ ദീപത്തിലൂടെയാണ് തിരിച്ചറിവുണ്ടാകേണ്ടത് . പ്രപഞ്ചമഖിലം ആ ദീപം ചൊരിയുന്ന പ്രഭയുടെ ചൈതന്യത്തിലാണ് . അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് മാത്രമേ അതിലേക്കണയാനാകൂ. ആ പ്രകാശത്തിലേക്കെത്തിയവര്‍ വിജയികള്‍ മഹാഭാഗ്യവാന്മാര്‍ , യഥാര്‍ത്ഥ മുഅ്മിനുകള്‍ . സൂറത്ത് നൂറിലെ തുടര്‍ന്നുള്ള 36,37 സൂക്തങ്ങള്‍ വ്യക്തമാക്കുന്ന പോലെ സദാസമയവും ദിക്ക് റിലായി കഴിയുന്ന
" മഹാന്‍മാര്‍ " അല്ലാഹുവിന്റെ അനുഗ്രഹീതമായ ഈമാനിന്റെ വഴി തെരഞ്ഞെടുത്തവര്‍ . അവരാണ് ഈ പ്രകാശത്തിലേക്ക് വഴി കാണിക്കപ്പെട്ടവര്‍ .
മുഹമ്മദീയ യാഥാര്‍ത്ഥ്യമാകുന്ന പ്രകാശത്തിലേക്കുള്ള പ്രയാണമാണ് ശരിയായ ഈമാന്‍ കൊതിക്കുന്നവര്‍ക്ക് വേണ്ടത് .

അല്ലാഹുവിന്റെ പാര്‍ട്ടിയുടെ അടയാളം "ദിക്റുള്ള"യാണ്, രഹസ്യമായും,പരസ്യമായും(ആത്മാവിലും,നാവിലും) അല്ലാഹുവിനെ കുറിച്ചുള്ള ദിക്ര്‍ സ്ഥിരമായി ഉണ്ടാകണം,എല്ലാസമയത്തും ഉണ്ടാകണം!!! ദിക്ര്‍ ചെല്ലാത്തവരായി ആരാണ് ഉള്ളത്? എല്ലാവരും പറയും ഞാനും ദിക്ര്‍ ചെല്ലുന്നുണ്ടല്ലോ. ഉള്ളിലും,പുറത്തും(ആത്മാവിലും,നാവിലും)ദിക്ര്‍ ഉണ്ടോ? മനസ്സില്‍ എന്താണ് ഉള്ളത്? നമ്മുടെ ഇബാദത്തുകളെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന അഹങ്കാരം,അസുയ,പക,കോപം,നിഫാക്, തുടങ്ങിയ ആന്തരിക രോഗങ്ങള്‍ ചികിത്സികണമെങ്കില്‍ മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് പൂര്‍ണ്ണ തൗഹീദ് സ്വീകരികാലാണ് അതിനുള്ള മാര്‍ഗം,
നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!! 
      
അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍

" എന്റെ ദൗത്യം തൗഹീദിലേക്കുള്ള ക്ഷണം "

>
അസ്സലാമു അലൈക്കും,

പരിശുദ്ധമായ തൗഹീദ്  " ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുള്ളഹ് " എന്ന മഹിതമായ സന്ദേശത്തിനാണ് ലോകത്ത് നിയോഗിതരായ പ്രവാചകന്മാര്‍ മുഴുവന്‍ സാക്ഷിയായത് . പാവനമായ ഈ സന്ദേശവുമായി വന്നവര്‍ക്കെല്ലാം ഒട്ടനേകം പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് .

ജനങ്ങളില്‍ ഏറ്റവും പ്രതിസന്ധി അമ്പിയാക്കള്‍ക്കും പിന്നെ ഔലിയാഇനും പിന്നെ അവരെപോലുള്ളവര്‍ക്കുമാണ് എന്ന നബി( സ ) തങ്ങളുടെ തിരുവചനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് അപ്പോഴാണ് . നബി( സ ) തങ്ങള്‍ക്കും സ്വഹാബത്തിനും ഗൗസുല്‍ അഅ്ളമിനും പ്രയാസങ്ങള്‍ ഏറെ സഹിക്കേണ്ടി വന്നു. അവരതിനെ തരണം ചെയ് തു.

എനിക്ക് ശേഷം മഹ്ദി( അ ) മിന്റെ കാലമാണ് . മഹാനവര്‍കള്‍ക്കും പ്രതിസന്ധികളുണ്ടാകും. മഹ്ദി( അ ) നെതിരെ തിരിയുന്നവര്‍ ദുഷിച്ച പണ്ഡിതരായിരിക്കും. ആത്മീയ സരണിയില്‍ പ്രവേശിച്ചവര്‍ക്ക് അവരുടെ ശൈഖുമാര്‍ വഴി മഹ്ദി( അ ) നെ സംബന്ധീച്ച് സന്ദേശം ലഭിച്ച് അവര്‍ മഹ്ദി( അ ) ന്റെ അനുകൂലികളായിമാറും.

വിശുദ്ധ തൗഹീദിനെയും അതിന്റെ പ്രചാരകരേയും എതിര്‍ക്കുന്ന ഇന്നത്തെ ദുഷിച്ച പണ്ഡിതരെപോലെ തന്നെ മഹ്ദി( അ ) നെ എതിര്‍ക്കുന്നവരും യഥാര്‍ത്ഥ പണ്ഡിതരല്ല. കാരണം,
" എന്റെ സമുദായത്തിലെ പണ്ഡിതന്മാര്‍ ഇസ്രയേല്‍ വിഭാഗത്തിലെ പ്രവാചകന്മാരെപോലെയാണ് " എന്ന ഹദീസും സമാനാര്‍ത്ഥത്തിലുള്ള പണ്ഡിതന്മാരെ പുകഴ് ത്തുന്ന മറ്റു ഹദീസുകളും സൂചിപ്പിക്കുന്നത് ഇല്‍മുല്‍ യഖീനും മഅ്രിഫത്തും കരസ്ഥമാക്കിയ പണ്ഡിതരെയാണ് . അല്ലാതെ ത്വലാഖിന്റെയും ഇത്ഖിന്റെയും മസ് അലകള്‍ മാത്രം പഠിച്ചവരെയല്ല.
തൗഹീദിന്റെ പ്രചരണത്തിന് എതിരായി നീങ്ങുന്ന ദുഷിച്ച പണ്ഡിതരോ, അധികാരമോ, സമ്പത്തോ നമ്മുടെ മുന്നില്‍ ഒരു പ്രശ്നമല്ല. കാരണം നാം കാര്യങ്ങള്‍ അല്ലാഹുവില്‍ ഏല്‍പ്പിച്ചവരാണ് .

സമ്പത്തിനും അധികാരത്തിനും ദുഷിച്ച പാണ്ടിത്യത്തിനുമാണ് ആധിപത്യം ലഭിക്കുകയെങ്കില്‍ ഫറോവയും, ഖാറൂനും, ബല്‍ആമും, ഇബ്‌നുസഖയും, ജാലൂത്തുമാണ് പിടിച്ചുനില്‍ക്കേണ്ടിയിരുന്നത് . അത് നടന്നില്ലെന്ന് മാത്രമല്ല. ഫറോവയുടെ സിംഹാസനത്തില്‍ വളര്‍ന്ന മൂസാ( അ ) ഉം ഔലിയാഇനെ ആദരിച്ച ഗൗസുല്‍ അഅ്ളമും അല്ലാഹു തെരഞ്ഞെടുത്ത താലൂത്തുമാണ് വിജയം വരിച്ചത്‌ .

അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള സമ്മതം ലഭിച്ചതിന് ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് .

പിടിവാശിയും, സംരക്ഷിച്ചു വരുന്ന സ്ഥാനമാനങ്ങളും സംഘടനകള്‍ ഉണ്ടാക്കിയ ചട്ടകൂടുകളും ഏതാനും അനുയായികളെ കുറിച്ചുള്ള ചിന്തയും സമ്പത്ത് നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് നിങ്ങള്‍ക്ക് ഈ വിശുദ്ധമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് തടസ്സമെങ്കില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വരുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ."
ആമീന്‍ 

" ആത്മീയത - ഭൗതികത "

>
അസ്സലാമു അലൈക്കും,

ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്നതിന്‌ ആത്മീയതയെന്നും ശരീരസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്നതിന്‌ ഭൗതികതയെന്നും ഒറ്റ നോട്ടത്തില്‍ നിര്‍വചിക്കാം.

ആത്മാവും ശരീരവും ചേര്‍ന്നതാണല്ലോ മനുഷ്യന്‍ . ഇവ രണ്ടും വേര്‍പെടുന്നതോടെ ( മരണത്തോടെ ) ശരീരം നശിച്ച് മണ്ണായിത്തീരുകയും ആത്മാവ് അനശ്വരതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആത്മാവിന്റെ സമുന്നതവും സമ്പൂര്‍ണ്ണവുമായ അവസ്ഥ പ്രാപിക്കാന്‍ ആത്മാവിനെ സഹായിക്കുക എന്നതാണ് ശരീര ധര്‍മം. അതുകൊണ്ട് തന്നെ ശരീരത്തെ പാടേ അവഗണിക്കാതെയും എന്നാല്‍ അമിത പ്രാധാന്യം നല്‍കാതെയും ആത്മാവിനെ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ് .

ശരീരത്തിന്റെ തുടക്കം മ്ലേച്ഛമായ ഇന്ദ്രിയബീജമാണ് . ഒടുക്കം വെറുക്കപ്പെടുന്ന ചലവും ചീഞ്ചലവും. മറിച്ചാണ് ആത്മാവിന്റെ അവസ്ഥ. പരിശുദ്ധമായ അവസ്ഥയിലാണ് അതിന്റെ തുടക്കം. പ്രപഞ്ചോല്‍പത്തി തന്നെ ആത്മാവിലൂടെയാണ് . അതുകൊണ്ടുതന്നെ ആത്മാവിന്റെ പരിശുദ്ധിയും പാരമ്പര്യവും ഉള്‍കൊണ്ടുകൊണ്ട്  ജീവിതം നയിക്കുകയാണ് യഥാര്‍ത്ഥ ആത്മീയത. ആത്മാവിന്റെ പൂര്‍വ്വസ്ഥിതി പ്രപിക്കലാണ് ആത്മീയതയുടെ ആത്യന്തിക ലക്ഷ്യം.

ഇമാം ജുനൈദുല്‍ ബഗ്ദാദി( റ ) നോട് ശിഷ്യഗണങ്ങള്‍ ഒരിക്കല്‍ ചോദിച്ചു: ആത്മീയതയുടെ ലക്ഷ്യമെന്ത് ?
അവിടുന്ന്‍ പ്രതിവചിച്ചു: തുടക്കത്തിലേക്കുള്ള മടക്കം
എങ്ങനെയായിരുന്നു തുടക്കം ?
ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു:
" അറിയപ്പെടാത്ത നിധിയായിരുന്നു ഞാന്‍ . അങ്ങനെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അറിയപ്പെടാന്‍ വേണ്ടി ഞാന്‍ സൃഷ്ടികളെ സൃഷ്ടിച്ചു "  അറിയപ്പെടാനുള്ള ആഗ്രഹമാണ് സൃഷ്ടിപ്പിന്റെ കാരണം. ഈ മഹത്തായ ലക്ഷ്യത്തിനുവേണ്ടി അല്ലാഹു ആദ്യമായി പടച്ചത്  നബി( സ ) തങ്ങളുടെ വിശുദ്ധ റൂഹിനെയാണ് .
നബി( സ ) തങ്ങള്‍ പറയുന്നു:
" അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്റെ റൂഹിനെയാണ് "

ഈ വിശുദ്ധ റൂഹില്‍ നിന്നാണ് അല്ലാഹു പ്രപഞ്ചമഖിലവും സൃഷ്ടിച്ചത് . പ്രാപഞ്ചിക വസ്തുക്കളുടെ അന്ത:സത്ത
ഈ മുഹമ്മദിയ്യാ യാഥാര്‍ത്യ ( ഹഖീഖത്തു മുഹമ്മദിയ്യ ) മാണ് . അല്ലാഹുവിനെ അറിയുക എന്ന മഹത്തായ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തിനുവേണ്ട വസീല ( മാധ്യമം ) ആയിട്ടാണ് നബി( സ ) തങ്ങളെ നിയോഗിച്ചിട്ടുള്ളത് . ഈ വസീലയെ അവഗണിച്ചുകൊണ്ട് പ്രപഞ്ചനാഥനെ പ്രാപിക്കുക സാധ്യമല്ലതന്നെ. ഇതിനുതകുന്ന നിലയിലാണ് അല്ലാഹു റസൂല്‍ ( സ ) തങ്ങളുടെ ആത്മാവിനെ സൃഷ്ടിച്ച്‌ സംവിധാനിച്ചിട്ടുള്ളത് . മറ്റൊരു ഹദീസില്‍ പ്രസ്‌തുത ആത്മാവിനെ " പ്രകാശം " എന്നാണ് വിശേഷിപ്പിച്ചത് .
നബി( സ ) തങ്ങള്‍ പറയുന്നു: " അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്  എന്റെ പ്രകാശമാണ് ."  പ്രപഞ്ചമഖിലവും ഇല്ലായ്മയുടെ അന്ധകാരത്തില്‍ നിന്ന് ഉണ്മയിലേക്ക് വെളിച്ചം കണ്ടത് പ്രകാശത്തിലൂടെയാണെന്ന് നമുക്ക് മനസ്സിലാക്കാം. ആ പ്രകാശം അല്ലാഹുവിന്റെ പ്രകാശമാണ്‌താനും.
ഒരു ഖുദ്സിയ്യായ ഹദീസില്‍ പറയുന്നു: മുഹമ്മദ്‌ നബി( സ ) തങ്ങളുടെ ആത്മാവിനെ എന്റെ ആത്മാവില്‍ നിന്നാണ് നാം പടച്ചത് .

മേല്‍ വിവരിച്ചതില്‍ നിന്നും നമ്മുടെ ആത്മാവിന്റെ പൂര്‍വാവസ്ഥ ഹഖീഖത്തു മുഹമ്മദീയ്യ ( മുഹമ്മദീയ്യാ യാഥാര്‍ത്ഥ്യം ) ആണെന്ന്‍ നമുക്ക് വ്യക്തമായി മനസ്സിലാക്കാം.

മനുഷ്യശരീരങ്ങളുടെ പിതാവ് ആദം നബി( അ ) ആയതുപോലെ ആദം നബി( അ ) അടക്കമുള്ള മുഴുവന്‍ മനുഷ്യാത്മാക്കളുടെയും പിതാവ് മുഹമ്മദ്‌ റസൂല്‍ ( സ ) തങ്ങളാണ് .
മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: "ശരീരങ്ങളെ പടക്കുന്നതിന്റെ അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ആത്മാക്കളെ പടച്ചു "

അതുകൊണ്ട് അല്ലാഹുവിനെ അറിയാനും സ്നേഹിക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അതുവഴി ആത്മവിശുദ്ധി നേടാനും അല്ലാഹു നിശ്ചയിച്ച ഏറ്റവും വലിയ വസീല ( മാധ്യമം ) യായ മുഹമ്മദുര്‍റസൂലുല്ലാഹിയില്‍ വിലയം പ്രാപിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.

അല്ലാഹു പറയുന്നു:
" നബിയേ അവിടുന്ന്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും."

നബി( സ ) തങ്ങള്‍ പറയുന്നു: " ആര്‍ എന്നെ സ്നേഹിച്ചുവോ, അവന്‍ അല്ലാഹുവിനെ സ്നേഹിച്ചു. ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു "
ഈ വിശുദ്ധ വാക്യങ്ങള്‍ ഈ വസ്തുതയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത് . ഇവിടെയാണ്‌ ഇസ്‌ലാം വിഭാവനം ചെയ്യുന്ന ആത്മീയതയും ഇതര ആത്മീയതയും തമ്മില്‍ വേര്‍പിരിയുന്നത് .

യഥാര്‍ത്ഥ ആത്മീയത വഴിയാണ് നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ കഴിയുക. അത് ലഭിക്കണമെങ്കില്‍ നബി( സ ) തങ്ങളിലേക്ക് ചേരുന്ന സില്‍സിലയുള്ള മുറബ്ബിയായ ശൈഖുമാരുമായി പൂര്‍ണ്ണ തൗഹീദില്‍ ബൈഅത്ത് ചെയ്ത് അതുമായി മുന്നോട്ട് പോകലാണ് വ്യവസ്ഥാപിതമാര്‍ഗ്ഗം.        

 "പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി  മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "