" ആത്മീയത - ഭൗതികത "

അസ്സലാമു അലൈക്കും,

ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്നതിന്‌ ആത്മീയതയെന്നും ശരീരസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്നതിന്‌ ഭൗതികതയെന്നും ഒറ്റ നോട്ടത്തില്‍ നിര്‍വചിക്കാം.

ആത്മാവും ശരീരവും ചേര്‍ന്നതാണല്ലോ മനുഷ്യന്‍ . ഇവ രണ്ടും വേര്‍പെടുന്നതോടെ ( മരണത്തോടെ ) ശരീരം നശിച്ച് മണ്ണായിത്തീരുകയും ആത്മാവ് അനശ്വരതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആത്മാവിന്റെ സമുന്നതവും സമ്പൂര്‍ണ്ണവുമായ അവസ്ഥ പ്രാപിക്കാന്‍ ആത്മാവിനെ സഹായിക്കുക എന്നതാണ് ശരീര ധര്‍മം. അതുകൊണ്ട് തന്നെ ശരീരത്തെ പാടേ അവഗണിക്കാതെയും എന്നാല്‍ അമിത പ്രാധാന്യം നല്‍കാതെയും ആത്മാവിനെ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ് .

ശരീരത്തിന്റെ തുടക്കം മ്ലേച്ഛമായ ഇന്ദ്രിയബീജമാണ് . ഒടുക്കം വെറുക്കപ്പെടുന്ന ചലവും ചീഞ്ചലവും. മറിച്ചാണ് ആത്മാവിന്റെ അവസ്ഥ. പരിശുദ്ധമായ അവസ്ഥയിലാണ് അതിന്റെ തുടക്കം. പ്രപഞ്ചോല്‍പത്തി തന്നെ ആത്മാവിലൂടെയാണ് . അതുകൊണ്ടുതന്നെ ആത്മാവിന്റെ പരിശുദ്ധിയും പാരമ്പര്യവും ഉള്‍കൊണ്ടുകൊണ്ട്  ജീവിതം നയിക്കുകയാണ് യഥാര്‍ത്ഥ ആത്മീയത. ആത്മാവിന്റെ പൂര്‍വ്വസ്ഥിതി പ്രപിക്കലാണ് ആത്മീയതയുടെ ആത്യന്തിക ലക്ഷ്യം.

ഇമാം ജുനൈദുല്‍ ബഗ്ദാദി( റ ) നോട് ശിഷ്യഗണങ്ങള്‍ ഒരിക്കല്‍ ചോദിച്ചു: ആത്മീയതയുടെ ലക്ഷ്യമെന്ത് ?
അവിടുന്ന്‍ പ്രതിവചിച്ചു: തുടക്കത്തിലേക്കുള്ള മടക്കം
എങ്ങനെയായിരുന്നു തുടക്കം ?
ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു:
" അറിയപ്പെടാത്ത നിധിയായിരുന്നു ഞാന്‍ . അങ്ങനെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അറിയപ്പെടാന്‍ വേണ്ടി ഞാന്‍ സൃഷ്ടികളെ സൃഷ്ടിച്ചു "  അറിയപ്പെടാനുള്ള ആഗ്രഹമാണ് സൃഷ്ടിപ്പിന്റെ കാരണം. ഈ മഹത്തായ ലക്ഷ്യത്തിനുവേണ്ടി അല്ലാഹു ആദ്യമായി പടച്ചത്  നബി( സ ) തങ്ങളുടെ വിശുദ്ധ റൂഹിനെയാണ് .
നബി( സ ) തങ്ങള്‍ പറയുന്നു:
" അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്റെ റൂഹിനെയാണ് "

ഈ വിശുദ്ധ റൂഹില്‍ നിന്നാണ് അല്ലാഹു പ്രപഞ്ചമഖിലവും സൃഷ്ടിച്ചത് . പ്രാപഞ്ചിക വസ്തുക്കളുടെ അന്ത:സത്ത
ഈ മുഹമ്മദിയ്യാ യാഥാര്‍ത്യ ( ഹഖീഖത്തു മുഹമ്മദിയ്യ ) മാണ് . അല്ലാഹുവിനെ അറിയുക എന്ന മഹത്തായ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തിനുവേണ്ട വസീല ( മാധ്യമം ) ആയിട്ടാണ് നബി( സ ) തങ്ങളെ നിയോഗിച്ചിട്ടുള്ളത് . ഈ വസീലയെ അവഗണിച്ചുകൊണ്ട് പ്രപഞ്ചനാഥനെ പ്രാപിക്കുക സാധ്യമല്ലതന്നെ. ഇതിനുതകുന്ന നിലയിലാണ് അല്ലാഹു റസൂല്‍ ( സ ) തങ്ങളുടെ ആത്മാവിനെ സൃഷ്ടിച്ച്‌ സംവിധാനിച്ചിട്ടുള്ളത് . മറ്റൊരു ഹദീസില്‍ പ്രസ്‌തുത ആത്മാവിനെ " പ്രകാശം " എന്നാണ് വിശേഷിപ്പിച്ചത് .
നബി( സ ) തങ്ങള്‍ പറയുന്നു: " അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്  എന്റെ പ്രകാശമാണ് ."  പ്രപഞ്ചമഖിലവും ഇല്ലായ്മയുടെ അന്ധകാരത്തില്‍ നിന്ന് ഉണ്മയിലേക്ക് വെളിച്ചം കണ്ടത് പ്രകാശത്തിലൂടെയാണെന്ന് നമുക്ക് മനസ്സിലാക്കാം. ആ പ്രകാശം അല്ലാഹുവിന്റെ പ്രകാശമാണ്‌താനും.
ഒരു ഖുദ്സിയ്യായ ഹദീസില്‍ പറയുന്നു: മുഹമ്മദ്‌ നബി( സ ) തങ്ങളുടെ ആത്മാവിനെ എന്റെ ആത്മാവില്‍ നിന്നാണ് നാം പടച്ചത് .

മേല്‍ വിവരിച്ചതില്‍ നിന്നും നമ്മുടെ ആത്മാവിന്റെ പൂര്‍വാവസ്ഥ ഹഖീഖത്തു മുഹമ്മദീയ്യ ( മുഹമ്മദീയ്യാ യാഥാര്‍ത്ഥ്യം ) ആണെന്ന്‍ നമുക്ക് വ്യക്തമായി മനസ്സിലാക്കാം.

മനുഷ്യശരീരങ്ങളുടെ പിതാവ് ആദം നബി( അ ) ആയതുപോലെ ആദം നബി( അ ) അടക്കമുള്ള മുഴുവന്‍ മനുഷ്യാത്മാക്കളുടെയും പിതാവ് മുഹമ്മദ്‌ റസൂല്‍ ( സ ) തങ്ങളാണ് .
മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: "ശരീരങ്ങളെ പടക്കുന്നതിന്റെ അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ആത്മാക്കളെ പടച്ചു "

അതുകൊണ്ട് അല്ലാഹുവിനെ അറിയാനും സ്നേഹിക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അതുവഴി ആത്മവിശുദ്ധി നേടാനും അല്ലാഹു നിശ്ചയിച്ച ഏറ്റവും വലിയ വസീല ( മാധ്യമം ) യായ മുഹമ്മദുര്‍റസൂലുല്ലാഹിയില്‍ വിലയം പ്രാപിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.

അല്ലാഹു പറയുന്നു:
" നബിയേ അവിടുന്ന്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും."

നബി( സ ) തങ്ങള്‍ പറയുന്നു: " ആര്‍ എന്നെ സ്നേഹിച്ചുവോ, അവന്‍ അല്ലാഹുവിനെ സ്നേഹിച്ചു. ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു "
ഈ വിശുദ്ധ വാക്യങ്ങള്‍ ഈ വസ്തുതയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത് . ഇവിടെയാണ്‌ ഇസ്‌ലാം വിഭാവനം ചെയ്യുന്ന ആത്മീയതയും ഇതര ആത്മീയതയും തമ്മില്‍ വേര്‍പിരിയുന്നത് .

യഥാര്‍ത്ഥ ആത്മീയത വഴിയാണ് നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ കഴിയുക. അത് ലഭിക്കണമെങ്കില്‍ നബി( സ ) തങ്ങളിലേക്ക് ചേരുന്ന സില്‍സിലയുള്ള മുറബ്ബിയായ ശൈഖുമാരുമായി പൂര്‍ണ്ണ തൗഹീദില്‍ ബൈഅത്ത് ചെയ്ത് അതുമായി മുന്നോട്ട് പോകലാണ് വ്യവസ്ഥാപിതമാര്‍ഗ്ഗം.        

 "പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി  മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "

Jeelani Class Room - Live Radio

Blog Archive