ത്വരീഖത്ത് എന്ത് ? എന്തിന് ?

അസ്സലാമു അലൈക്കും,

ശരീഅത്തിനനുസരിച്ച് ജീവിക്കുന്നതോട് കൂടെ ദൈവസ്മരണ നിലനിര്‍ത്താനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും അവന്റെ തൃപ്തി സ്വായത്തമാക്കാനും ഒരു ശൈഖിന്റെ നിര്‍ദ്ദേശ പ്രകാരം സല്‍കര്‍മ്മ നിരതനാവലാണ് ത്വരീഖത്ത് . ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ഇടക്കുള്ള ഒരു പാലമാണിത് . ശരീഅത്തില്‍ നിന്ന് നേരെ ആരും ഹഖീഖത്തിലെത്താറില്ല. മറിച്ച് ത്വരീഖത്ത് വഴിയേ അവിടെ എത്തിച്ചേരാന്‍ കഴിയൂ.

അമീനുല്‍ കുര്‍ദി( റ ) പറയുന്നു:
ഉന്നതനായ ഒരു ആരിഫിന്റെ കീഴിലായി വിരോധിത കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും വെടിഞ്ഞ് , കഴിവിന്റെ പരമാവധി ദൈവിക കല്‍പ്പനകള്‍ അനുസരിച്ച് കഴിഞ്ഞുകൂടലാണ് ത്വരീഖത്ത് . അല്ലെങ്കില്‍, ഉന്നതനായ ഒരു ആരിഫിന്റെ കീഴിലായി ഹറാമും കറാഹത്തും അതുപോലെ അനുവദനീയമാക്കപ്പെട്ടതില്‍ നിന്ന് തന്നെ ആവശ്യമില്ലാത്തതുമെല്ലാം ഉപേക്ഷിച്ചു കൊണ്ടും നിര്‍ബന്ധമായ കാര്യങ്ങളും സുന്നത്തായ കര്‍മ്മങ്ങള്‍ സാധ്യമാകുന്ന അത്രയും ചെയ്തു കൊണ്ടും കഴിയലാണ് ത്വരീഖത്ത് .
( തന്‍വീറുല്‍ ഖുലൂബ്  )

ബഹുമാനപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂം( റ ) തന്റെ അദ്കിയായില്‍ പറയുന്നു:
ത്വരീഖത്തെന്നാല്‍ അല്ലാഹുവിനെ മാത്രം കാംക്ഷിച്ച്‌ രിയാള പോലെയുള്ള കര്‍മ്മങ്ങളും സൂക്ഷ്മത പോലെയുള്ള ഭദ്രമായ കാര്യങ്ങളും മുറുകെ പിടിക്കലാണ് . ( അദ്കിയ )

ഇങ്ങനെ അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ച് കഴിയാനും രിയാളകള്‍ മുറപോലെ നിര്‍വ്വഹിക്കാനും ഒരു ശൈഖിന്റെ സഹായമില്ലാതെ കഴിയില്ല. കാരണം, അല്ലാഹുവിലേക്ക് ചെന്നു ചേരാനുള്ള പാകതയും പക്വതയും നല്‍കുന്ന വഴി അതായത് സ്വിറാത്തുല്‍ മുസ്‌തഖീമിലൂടെ മുന്നേറുന്നതില്‍ നിന്നും മനുഷ്യനെ തടയാന്‍ ശപഥം ചെയ്ത് ഇറങ്ങിത്തിരിച്ചവനാണ് പിശാച് . അല്ലാഹുവിനോട് അവന്‍ പറഞ്ഞത് തന്നെ " നിന്റെ രക്ഷപ്പെടുത്തപ്പെട്ട അടിമകളല്ലാതെ എല്ലാവരേയും ഞാന്‍ വഴിപിഴപ്പിക്കും "എന്നാണ് . എത്ര ആത്മാര്‍ത്ഥതയുള്ളവരായാലും നിയ്യത്തുകളിലും കര്‍മ്മ നിര്‍വ്വഹണങ്ങളിലും അവയോരോന്നും ചെയ്യുമ്പോഴുണ്ടാകുന്ന ഉദ്ദേശ്യങ്ങളിലും ഇടര്‍ച്ച വരുത്താന്‍ പിശാച് പരമാവധി ശ്രമിക്കും. അപ്പോള്‍ അവന്റെ കെണി വലകളില്‍ നിന്ന് രക്ഷപ്പെട്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ച് ശരിയായ രീതിയില്‍ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് തീര്‍ക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗ ദര്‍ശിയായ ശൈഖ് അനിവാര്യമാണ് . അതുകൊണ്ടാണ് പ്രഭാതങ്ങളില്‍ ദിക്ര്‍ ചൊല്ലാന്‍ ആവശ്യപ്പെടുന്നേടത്ത് അദ്കിയയില്‍ തന്നെ മശാഇഖുമാരുടെ അറിയപ്പെട്ട ഒരു ത്വരീഖത്ത് പ്രകാരമായിരിക്കണം അത് എന്ന് പറയാന്‍ കാരണം.

ചുരുക്കത്തില്‍ ഏതൊരാള്‍ക്കും അനിവാര്യവും അത്യന്താപേക്ഷിതവുമായ ഒരു വഴിയാണിതെന്നതില്‍ സംശയമേതുമില്ല.കൊടും കുറ്റവാളികള്‍ക്കും തെറ്റുകളില്‍ മുങ്ങിപോയവര്‍ക്കും തീരെ അറിവില്ലാത്തവര്‍ക്കുമൊക്കെ ത്വരീഖത്തില്‍ സ്ഥാനമുണ്ട് .
ഇമാം ഗസ്സാലി( റ ) പറയുന്നു:
" തന്റെ മുരീദ് ഒന്നുമറിയാത്തവനാണെങ്കില്‍ ആദ്യമവനെ ശുദ്ധീകരണം, നിസ്ക്കാരം മറ്റു ബാഹ്യമായ ആരാധനാ കര്‍മ്മങ്ങള്‍ എന്നിവ പഠിപ്പിക്കണം. അവന്‍ നിഷിദ്ധമായ സമ്പത്ത് കൊണ്ട് മുഴുകിയവനോ ദോഷം കൊണ്ട് ബന്ധപ്പെട്ടവനോ ആണെങ്കില്‍ ആദ്യം അവ ഉപേക്ഷിക്കാന്‍ കല്‍പ്പിക്കണം. അങ്ങനെ ആരാധനകള്‍ കൊണ്ട് അവന്റെ പ്രകടഭാഗം നന്നാവുകയും ദോഷങ്ങളില്‍ നിന്ന് അവയവങ്ങള്‍ ശുദ്ധമാവുകയും ചെയ്‌താല്‍ അവന്റെ ഹൃദയരോഗങ്ങളെക്കുറിച്ചും സ്വഭാവത്തെ കുറിച്ചും അറിയാന്‍ വേണ്ടി അവന്റെ ഉള്ളിലേക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് നോക്കണം." ( ഇഹ് യാഉലൂമുദ്ദീന്‍ 3/79 )               
ചുരുക്കത്തില്‍ ആത്മാവിന്റെ പരിപൂര്‍ണ്ണവും വിജയകരവുമായ സംസ്ക്കാരത്തിന് മനുഷ്യ സൃഷ്ടികളില്‍ സ്ഥാനമാനങ്ങളുടെയും പദവികളുടെയും വിത്യാസമില്ലാതെ ത്വരീഖത്ത്  അനിവാര്യമാണെന്ന് വരുന്നു.

മാത്രമല്ല, ഇമാം ശഅ്റാനി ( റ ) പറയുന്നത് :
നിന്റെ നിസ്കാരം ശരിയാവാന്‍ നീ ഒരു ശൈഖിനെ സ്വീകരിക്കണമെന്നാണ് . ഒരു ശൈഖിന്റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത് .
ഒരാള്‍ ശൈഖാവുന്നത് , തനിക്ക്  ആത്മീയമായ വഴി കാണിച്ച ശൈഖ് ആ പദവി തനിക്ക് നല്‍കുമ്പോഴാണ് . ആ ശൈഖ് തന്റെ ശൈഖിനേയും അദ്ദേഹം തന്റെ ശൈഖിനേയും സ്വീകരിച്ച് ഇങ്ങനെ ആ കണ്ണി മഹാനായ റസൂലുല്ലാഹി( സ ) തങ്ങളിലേക്ക് ചെന്ന് ചേരുന്നു. ഓരോരുത്തരും അവനവന്റെ ശൈഖിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുകയും അവരെ മുറുകെ പിടിക്കുകയും ചെയ്താല്‍ അത് മുഖേനെ സന്മാര്‍ഗ്ഗം സിദ്ധിച്ചവരും വിജയിയുമായിത്തീരുന്നു. മാത്രമല്ല, പിശാചിന് അല്ലാഹുവിനെ തൊട്ടും തിരിച്ച് കളയാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവന്‍ സ്വയം മാറ്റി നിര്‍ത്തിയ രക്ഷപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെടാനും കഴിയുന്നു. ഇതിന് വേണ്ടിയാണ് ശൈഖിനെ സ്വീകരിക്കണമെന്ന് മുന്‍കാല മഹത്തുക്കള്‍ പഠിപ്പിച്ചതും അത് ജീവിതത്തില്‍ പകര്‍ത്തി കാണിച്ച് തന്നതും.

ഇമാം ഗസ്സാലി( റ ) അബൂ അലിയ്യില്‍ ഫാര്‍മിദി( റ ) എന്നവരേയും ഇമാം നവവി( റ ) യാസീനുബ്നു യൂസുഫല്‍ മറാക്കിശി( റ ) വിനേയും സുല്‍ത്താനുല്‍ ഉലമ ഇസ്സിദ്ധീനുബ്നു അബ്ദിസ്സലാം( റ ) അബുല്‍ ഹസനി ശ്ശാദുലി( റ ) വിനേയും ഇമാം തഖിയുദ്ധീനുസ്സുബ്കി( റ ) താജുദ്ധീനുബ്നു അതാഇല്ലാഹി സിക്കന്തരി( റ ) വിനേയും ഇമാം സുയൂഥി( റ )മുഹമ്മദുല്‍ മഗ് രിബി( റ ) വിനേയും ശൈഖായി സ്വീകരിച്ചവരായിരുന്നു. ശൈഖുല്‍ ഇസ്‌ലാം സക്കരിയ്യല്‍ അന്‍സാരി( റ ) ഖാദിരിയ്യ ഉള്‍പ്പെടെ നാല്‌ ത്വരീഖത്തുകളുടെ ശൈഖായിരുന്നു.
( അല്‍കവാകിബുസ്സാഇറ )
ഖാത്തിമത്തുല്‍ മഹഖിഖീന്‍ ഇബ്‌നു ഹജറില്‍ ഹൈതമി( റ ) ജുനൈദിയ്യ ത്വരീഖത്തുകാരനായിരുന്നു.
ഫത്ഹുല്‍ മുഈനിന്റെ രചയിതാവായ സൈനുദ്ധീന്‍ മഖ്ദൂം( റ ) മുഹമ്മദ്ബ്നു അബില്‍ ഹസനില്‍ ബക് രി( റ ) വിനെ ശൈഖായി സ്വീകരിച്ചവരായിരുന്നു.

ഇങ്ങനെ ഖുര്‍ആനും ഹദീസും ശരിയായ നിലയില്‍ പഠിച്ച, സാഗര സമാനമായ പാണ്ഡിത്യം നേടിയ പൂര്‍വ്വികരെല്ലാം തങ്ങളുടെ ബാഹ്യ വിജ്ഞാനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാതെ ഒന്നോ അതിലധികമോ ശൈഖുമാരെ സ്വീകരിച്ച് ആത്മീയതയുടേയും ഇഹ്സാനിന്റെയും ഉന്നത പദവികളിലെത്തിയവരായിരുന്നു. ഖുര്‍ആനും സുന്നത്തും ശരിയായ രീതിയില്‍ പഠിച്ചപ്പോള്‍ ശൈഖും ത്വരീഖത്തും അനിവാര്യമാണെന്നും അതുവഴിയേ പൂര്‍ണ്ണ വിജയം കൈവരിക്കാനാവുകയുള്ളൂവെന്നും അവര്‍ക്ക് മനസ്സിലായതായിരുന്നു കാരണം. അവരാരും നിസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും ഇസ്‌ലാമിന്റെ മറ്റു അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും അറിയാത്തത് കൊണ്ടോ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരുന്നില്ല ശൈഖുമാരെ സ്വീകരിച്ചത് . ' രക്ഷപ്പെട്ട വിഭാഗത്തില്‍ ' ഉള്‍കൊള്ളാനും ജീവിത കാലത്തും മരണ വേളയിലും പിശാചിന്റെ തന്ത്രവലയങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കാനും ദൈവിക പ്രീതിയും പാരത്രിക സുരക്ഷയും ലഭ്യമാക്കാനുമായിരുന്നു അവര്‍ ശൈഖും ത്വരീഖത്തും തെരഞ്ഞെടുത്തത് . ഈ ലക്ഷ്യമുള്ള ഏതൊരു മുസ്‌ലിമിനും ഇവ അനിവാര്യമാണ് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത് .

ശരിഅത്ത് പാലിക്കാതെ ഒരിക്കലും ത്വരീഖത്തുകാരനാകാന്‍ കഴിയില്ല. കാരണം ത്വരീഖത്തില്‍ ഫര്‍ളായ കാര്യങ്ങളും സുന്നത്തായ കര്‍മ്മങ്ങളും അനുഷ്ഠിക്കുകയും വിരോധിത കാര്യങ്ങളെ വര്‍ജ്ജിക്കുകയും ചെയ്യേണ്ടതുണ്ട് .

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!
അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ 

Jeelani Class Room - Live Radio

Blog Archive