ഇസ്‌ലാം , ഈമാന്‍ , ഇഹ്സാന്‍

അസ്സലാമു അലൈക്കും,

നബി( സ ) തങ്ങളുടെ അടുത്ത് ജിബ്‌രീല്‍ ( അ ) വന്നുകൊണ്ട് പലകാര്യങ്ങളും ചോദിച്ച് അന്വേഷിച്ച സംഭവം ഇമാം ബുഖാരി( റ ) തന്റെ സ്വഹീഹില്‍ ഉദ്ദരിക്കുന്നു:

" ഒരിക്കല്‍ നബി( സ ) തങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കെ ഒരാള്‍ ആഗതനായി. എന്നിട്ടുചോദിച്ചു:
എന്താണ് ഈമാന്‍ ? ഈമാന്‍ എന്നാല്‍ അല്ലാഹുവിനെകൊണ്ടും അവന്റെ മലക്കുകളെകൊണ്ടും അവനെ അഭിമുഖീകരിക്കല്‍കൊണ്ടും അവന്റെ മുര്‍സലീങ്ങളെകൊണ്ടും പുനര്‍ജന്മം കൊണ്ടും നീ വിശ്വസിക്കലാണെന്ന് നബി( സ ) തങ്ങള്‍ പ്രതിവചിച്ചു.

ആഗതന്‍ ചോദിച്ചു: എന്താണ് ഇസ്‌ലാം?
നബി( സ ) തങ്ങള്‍ പറഞ്ഞു: മറ്റാരെയും പങ്കുചെര്‍ക്കാതെ അല്ലാഹുവിനെ ആരാധിക്കലും നിസ്കാരം നിര്‍വ്വഹിക്കലും ഫര്‍ളാക്കപ്പെട്ട സകാത്ത് കൊടുക്കലും റമളാനിലെ നോമ്പ് അനുഷ്ട്ടിക്കലുമാണ് .
              
ആഗതന്‍ ചോദിച്ചു: എന്താണ് ഇഹ്സാന്‍ ?
നബി( സ ) തങ്ങള്‍ പറഞ്ഞു: നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരധിക്കലാണ് . നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട് ...
പിന്നീട് വന്ന ആള്‍ തിരിഞ്ഞുനടന്നു. നിങ്ങള്‍ അദ്ദേഹത്തെ മടക്കി കൊണ്ടുവരുവിന്‍ എന്ന് നബി( സ ) തങ്ങള്‍ ആജ്ഞാപിച്ചു. അപ്പോള്‍ അവര്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. നബി( സ ) തങ്ങള്‍ പറഞ്ഞു: ഇത് ജിബിരീല്‍ ( അ ) ആണ് . ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി വന്നതായിരുന്നു."

ഇവിടെ ദീന്‍ എന്നാല്‍ ഇസ്‌ലാമും ഈമാനും ഇഹ്സാനുമാണ്‌ . ഇവ മൂന്നും ഒരുമിക്കുമ്പോള്‍ മാത്രമേ ദീന്‍ പരിപൂര്‍ണ്ണമാകുന്നുള്ളൂ. ഈമാന്‍ കാര്യങ്ങള്‍ വിശ്വസിച്ചതുകൊണ്ടോ ഇസ്‌ലാം കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടോ ഇഹ്സാനുണ്ടാവുകയില്ലെന്ന്‍ വ്യക്തമാണ് .
അത് ദീനിന്റെ മൂന്ന് പ്രധാന ഘടകങ്ങളിലോന്നാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഇനി ഇഹ്സാന്‍ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം. ത്വരീഖത്തിന്റെ അഹലുകാരുടെ ആഗ്രഹവും അവലംബവുമാണെന്നും അതുകൊണ്ട് തന്നെ സ്വാലിഹീങ്ങളുമായുള്ള നിതാന്തസമ്പര്‍ക്കം ഇതിന്നാവശ്യമാണെന്നും ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി( റ ) പറഞ്ഞിട്ടുണ്ടെന്ന് ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നു ഹജറുല്‍ അസ്ഖലാനി( റ ) വ്യക്തമാക്കുന്നു. ( ഫത്ഹുല്‍ ബാരി 1:159 )

ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട്  ഇമാം തജുദ്ദീനുസ്സുബ്കി( റ ) പറയുന്നു:
" ശരീഅത്തിന്റെ വിജ്ഞാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മൂന്നെണ്ണമാണ് . ( 1 ) കര്‍മ്മശാസ്ത്രം: ഇസ്‌ലാം എന്നതുകൊണ്ട് സൂചിപ്പിക്കപ്പെട്ടത് അതാണ്‌ . ( 2 ) ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ : ഈമാന്‍ എന്നതുകൊണ്ട് അതിലേക്കാണ്  സൂചിപ്പിക്കപ്പെട്ടത് .
( 3 ) ആത്മീയജ്ഞാനം: ഇഹ്സാന്‍ എന്നതുകൊണ്ട് അതാണ് ഉദ്ദേശിക്കപ്പെടുന്നത് ." ( തബഖാതു ശാഫിഇയത്തില്‍ ഖുബ്റ 1:88 )

ഇമാം ബുഖാരി( റ ) റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസും പണ്ഡിതന്മാര്‍ അതിന് നല്‍കിയ വ്യാഖ്യാനവും ചേര്‍ത്തുവെച്ചാല്‍ ദീനില്‍ ത്വരീഖത്തിനും തസവ്വുഫിനും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാന്‍ അധികം ചിന്തിക്കേണ്ട ആവശ്യമില്ല.

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍