"സമയം അമൂല്യമാണ്‌ "

അസ്സലാമു അലൈക്കും,

നൂഹ് നബി( അ ) മിന്റെ അരികില്‍ അസ് റാഈല്‍ ( അ ) വന്നു. നബിയോട് ചോദിച്ചു. " നബിയേ, ധാരാളം വര്‍ഷം ഭൂമിയില്‍ ജീവിച്ചവരാണ് അങ്ങ് . ആയിരത്തോളം വര്‍ഷം! ഈ ഭൂമിയിലെ ജീവിതത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? "
നൂഹ് നബി( അ ) പറഞ്ഞു: " രണ്ട് കവാടങ്ങളുള്ള വീടുപോലെയാണിത് . ഒരു കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അടുത്ത കവാടത്തിലൂടെ പുറത്ത്‌പോകുന്നു." ദീര്‍ഘമായ തന്റെ ജീവിതത്തെ ഒരു വരവും പോക്കുമായി കാണാനേ നൂഹ് നബി( അ ) മിന് കഴിഞ്ഞുള്ളൂ . ഭൂമിയിലെ ജീവിതം ചുരുങ്ങിയ കാലം മാത്രമാണ് . ശരിയായ രീതിയിലുള്ള സമയ വിനിയോഗമാണ് നാം നടത്തേണ്ടത് . ആരോഗ്യകരമായ സന്ദര്‍ഭങ്ങളില്‍ ആയുസ്സിനെ നന്മകളിലായി ചെലവഴിക്കുന്നവര്‍ വിജയികളാണ് . അല്ലാത്തവര്‍ പരാജിതരും.

ഇബ്‌നു അബ്ബാസ്‌ ( റ ) നിവേദനം ചെയ്യുന്നു. നബി( സ ) പറയുന്നു: " രണ്ട് അനുഗ്രഹങ്ങളില്‍ ജനങ്ങള്‍ അധികപേരും വഞ്ചിക്കപ്പെടുകയാണ് . ആരോഗ്യവും ഒഴിവുസമയവുമാണവ "

ആരോഗ്യ സമയങ്ങളില്‍ വിനോദങ്ങളിലായി ജീവിതം തളച്ചിടുന്നവര്‍ സമയത്തിന്റെ പ്രാധാന്യമറിയുന്നില്ല. ആരോഗ്യത്തിന്റെ വില മനസ്സിലാക്കുന്നുമില്ല. ഇമാം ഹസന്‍ ബസ്വരി( റ ) പറയുന്നു: " മനുഷ്യാ... നിന്റെ ജീവിതം ഏതാനും ദിവസങ്ങളാണ് . ഓരോ ദിവസം വിടപറയുമ്പോഴും നീ അല്‍പാല്‍പമായി ഇല്ലാതെയാവുന്നു."

കൗമാരത്തിലെത്തിയവന്‍ ശൈശവത്തിലേക്ക് തിരിച്ചു പോകുന്നില്ല. യുവാക്കള്‍ കൗമാരത്തിലേക്ക് മടങ്ങുന്നില്ല. യുവത്വത്തിലേക്ക് തിരിച്ചുപോകാനുള്ള വൃദ്ധന്റെ ആഗ്രഹം നടപ്പാകുകയുമില്ല. മരിച്ചു തീര്‍ന്ന ഇന്നലെകളാണത് . തിരിച്ചു പിടിക്കാന്‍ കഴിയാത്തവ. കാത്ത്‌ നില്‍ക്കാതെ യാത്രയാകുന്ന സമയം അമൂല്യമാണ്‌ .

ഇമാം ഹസന്‍ ബസ്വരി( റ ) വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. " ഓരോ പ്രഭാതവും മനുഷ്യരോട് വിളിച്ച്‌ പറയുമത്രെ. മനുഷ്യാ ഞാനൊരു പുതിയ സ്രഷ്ടിയാണ് . നിന്റെ കര്‍മ്മത്തിന് സാക്ഷിയുമാണ് . അത് കൊണ്ട് എന്നെ പ്രയോജനപ്പെടുത്തുക. ഞാന്‍ പോയാല്‍ ഇനിയൊരിക്കലും തിരിച്ചു വരുകയില്ല."

മാറിമറിയുന്ന രാപ്പകലുകളിലൂടെ മരണത്തിലേക്കടുക്കുന്ന മനുഷ്യന്‍ സമയത്തിനായി അല്ലാഹുവിനോട് ആവശ്യപ്പെടുന്ന രംഗമുണ്ട്. എല്ലാം അവസാനിക്കുന്ന മരണവേള, അന്നവന്‍ പറയും " അല്ലാഹുവേ എന്നെ അല്‍പ സമയം പിന്തിക്കുമോ? നല്ല രീതിയില്‍ ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന അന്തിമഘട്ടത്തിലെ മനുഷ്യന്റെ ആഗ്രഹം സഫലീകരിക്കപ്പെടില്ലെന്നും അല്ലാഹു നേരത്തെ ഓര്‍മ്മപ്പെടുത്തുന്നതിങ്ങനെയാണ് . അവധിയെത്തിയാല്‍ ഒരാള്‍ക്കും അല്ലാഹു ആയുസ്സ് നീട്ടികൊടുക്കുകയില്ലെന്ന് .

ബുദ്ധിയുള്ളവരുടെ ഹൃദയത്തില്‍ വേദനയുണ്ടാക്കുന്നതാണീ പ്രഖ്യാപനം. അല്ല, അപകടകരമായ പ്രവര്‍ത്തനങ്ങളെ വെടിഞ്ഞ് നന്മ നിറഞ്ഞ ജീവിതം നയിക്കണമെന്ന ആഹ്വാനമാണീ പ്രഖ്യാപനം. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും അല്ലാഹുവിലേക്കടുപ്പിക്കുന്ന ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ ആ ദിവസത്തെ സൂര്യോദയത്തില്‍ താന്‍ അനുഗ്രഹിക്കപ്പെടുകയില്ല എന്ന ഇബ്‌നു മസ് ഊദ് ( റ ) വിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് .

ഇമാം ബൈഹഖി( റ ) വില്‍ നിന്ന് നിവേദനം. നബി( സ ) പറയുന്നു: " ലോകത്ത് ഏറ്റവും മോശപ്പെട്ട കാര്യം നിശ്കൃയനായി കഴിയലാണ് ."

ചുരുക്കത്തില്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ജീവിത നിമിഷങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. ജീവിത വിജയം നേടാന്‍ ബദ്ധശ്രദ്ധരാകുക. ഹസ് റത്ത്  മുആദുബ്നു ജബല്‍( റ ) നിവേദനം ചെയ്യുന്നു. നബി( സ ) പറയുന്നു: " നാല്‌ കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പുനരുദ്ധാരണ നാളില്‍ ഒരടിമയുടെ പാദം മുമ്പോട്ട് ചലിപ്പിക്കാന്‍ കഴിയുകയില്ല. തന്റെ ആയുസ്സ് എന്തിന് ചെലവഴിച്ചു? യുവത്വം എവിടെ കഴിച്ചുകൂട്ടി ? സമ്പത്ത് എവിടെനിന്ന്‍ സമ്പാദിച്ചു ? എവിടെ ചെലവഴിച്ചു ? അറിവ് കൊണ്ടെന്ത്‌ പ്രവര്‍ത്തിച്ചു ?" ( ത്വബ് റാനി )                             
 "പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി  മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "

Jeelani Class Room - Live Radio

Blog Archive